Wednesday, November 23, 2011

ഓര്‍മ്മക്കൂട്ടില്‍ മഞ്ചാടിക്കുരുക്കള്‍

കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ പെരുമയ്ക്ക് തിലകം ചാര്‍ത്തുന്ന തളി ശിവക്ഷേത്രം. തൊട്ടടുത്ത് സാമൂതിരി കോളേജ് ഹൈസ്കൂള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗാനമേളകള്‍, കലാപരിപാടികള്‍, ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനം- ഇങ്ങനെ പല ആവശ്യങ്ങള്‍ക്കും നഗരഹൃദയത്തിലെ ആ വിദ്യാഭ്യാസസ്ഥാപനവും, വിശാല മൈതാനവും വേദിയായിരുന്നു. 2011 ലെ കോഴിക്കോട് കൂറ്റന്‍ മാളുകള്‍, വ്യവസായ- വാണിജ്യകേന്ദ്രങ്ങള്‍ ,സ്റ്റാര്‍ ഹോട്ടലുകള്‍, ഫ്ലാറ്റ് സമുച്ചയം . പിന്നെ വന്‍പരിപാടികള്‍ ആഘോഷിക്കാന്‍ കടപ്പുറം ,സ്റ്റേഡിയം , കളിപ്പൊയ്കക്കടുത്ത് സരോവരം, ടാഗോര്‍ സെന്റിനറി ഹാള്‍ ....അങ്ങനെ നഗരം വളരുകയാണ്.
എട്ടാം ക്ലാസ്സുമുതല്‍ എസ്.എസ്.എല്‍ .സി വരെ പ്രശസ്തമായ സാമൂതിരി കോളേജ് ഹൈസ്കൂളിലാണ് ഞാന്‍ പഠിച്ചത്. ഊര്‍ജതന്ത്രം - കുട്ടി അനുജന്‍ രാജ, ഇംഗ്ലീഷ്- പ്രഭാകരന്‍മാസ്റ്റര്‍, മലയാളം- ഗണപതി ശാസ്ത്രികള്‍ , ഹിന്ദി- ഛോട്ടാ മാസ്റ്റര്‍ എന്നറിയപ്പെടുന്ന കൃഷ്ണന്‍ മാഷ്. ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുമ്പോള്‍ അമ്മ തെക്കെമുറിയിലെ മരപ്പെട്ടിയില്‍ നിന്ന് കുറച്ചു ഫോട്ടോകളെടുത്ത് എന്നെ ഏല്‍പ്പിച്ചു. ആ കറുപ്പ് & വെളുപ്പ് ഫോട്ടോകളിലൊരെണ്ണം വലുപ്പത്തില്‍ എടുത്ത് വായനക്കാര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കുന്നു.
എനിക്ക് മൂന്നോ നാലോ വയസുള്ളപ്പോള്‍ ,അമ്മ സാമൂതിരി സ്കൂളില്‍ എക്സ്ബിഷന്‍ കാണാന്‍ പോയി. ഏതാണ്ട് അന്‍പത്തിനാല് വര്‍ഷം മുന്‍പ് നടന്ന സംഭവം, പലപ്പോഴും അമ്മ വിശദീകരിച്ചിരുന്നു. കൈനിറച്ച് കളിപ്പാട്ടങ്ങള്‍ വാങ്ങിത്തന്നിട്ടും തൃപ്തമാകാതെ വാശിപിടിച്ച് കരഞ്ഞ എന്നെ മെരുക്കാന്‍ അമ്മ കണ്ട ഏക സൂത്രം ഫോട്ടൊയെടുക്കലാണ്. ഫോട്ടോയില്‍ അമ്മയുടെ മടിയില്‍ മുഖം കനപ്പിച്ച് ഇരിക്കുന്ന എന്നെ വായനക്കാര്‍ കാണുക.
വീട്ടിലെ യാഥാസ്ഥിതിക മനോഭാവത്തിന്‍ ഒട്ടും കുറവില്ലെന്ന് അമ്മൂമ്മയുടെ അനുജത്തി ശ്രീദേവി ചെറിയമ്മ (ഇടക്കിടെ ഭ്രാന്ത് വരുന്ന വാസുമ്മാവന്റെ അമ്മ) മരിച്ചപ്പോള്‍ മനസിലായി. തെക്കെ പറമ്പിലെ ഇത്തിരി വട്ട സ്ഥലത്ത് ചിരട്ടയും മടലും വിറകുമൊക്കെ വെച്ച് ദഹനം നടന്നു. സന്ധ്യക്ക് തീനാളങ്ങള്‍ ഇരുട്ടുമുറിച്ച് ചുവപ്പു രാശി പടര്‍ത്തി മുകളിലേക്കുയര്‍ന്നു.
പിറ്റേന്ന് രാവിലെ ഇളം മഞ്ഞില്‍ കൂറ്റന്‍ കല്‍ക്കണ്ട മാവിന്റെ ചുവട്ടില്‍ തലേന്നു പെയ്ത കാറ്റും മഴയും തകര്‍ത്തിട്ട മാങ്ങകളെടുക്കാന്‍ പോയപ്പോള്‍ കണ്ട കാഴ്ച....
ചുട്ടെരിക്കലിന്റെ ബാക്കിപത്രമായ ഒരു പിടി ചാരത്തില്‍ അതാ... ശ്രീദേവി ചെറിയമ്മയുടെ പകുതി വെന്ത കൈപ്പത്തി.... ഉച്ചത്തില്‍ നിലവിളിക്കാനൊരുങ്ങി. ശബ്ദം പുറത്തു വന്നില്ല. ചുള്ളിക്കമ്പുകള്‍ക്കും ഇലകള്‍ക്കും ഇടയില്‍ കാ‍ലില്‍ തടയുന്ന മാങ്ങകള്‍ . നനഞ്ഞ മണ്ണില്‍ പേടിച്ച് വിറച്ച് ഒരടി മുന്നോട്ട് വെക്കാനാകാതെ നിന്നു. പിന്നെ.. പതുക്കെ നടന്ന് ,എങ്ങിനെയോ വീട്ടിലെത്തി. കുറെ കഴിഞ്ഞ് മുതിര്‍ന്നവര്‍ ചിരട്ടകള്‍ കൂട്ടിയിട്ട് അത് കത്തിച്ച് ഭസ്മമാക്കി.
വീടിന്റെ തെക്കു ഭാഗത്ത് ക്ഷേത്രക്കുളത്തില്‍ പുലര്‍ച്ചെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഞാനും കുളിക്കാന്‍ പോകും .കുളി കഴിഞ്ഞ് ഈറന്‍ വസ്ത്രത്തോടെ ശ്രീ വളയനാട്ടമ്മയെ തൊഴുത് മടങ്ങും.
അമ്മ ബ്രാഹ്മ മുഹൂര്‍ത്തത്തിനു മുന്‍പ് മൂന്നരമണിക്ക് ഉണരുന്നു. വാതത്തിന്റെ അസുഖം ജീവിതാന്ത്യം വരെ പിന്തുടര്‍ന്ന അമ്മ കുഴമ്പ് തേച്ച് ഓലക്കണ വെച്ച വെള്ളം തിളപ്പിച്ച് കുളിച്ച് അമ്പലത്തില്‍ പോകും. പണ്ട് ,അടുക്കളക്ക് മുകളില്‍ തട്ടിന്‍ പുറത്ത് ( അട്ടം) ഉണക്കവിറകും മടലും സൂക്ഷിക്കുക പതിവാണ്. അമ്മ മിക്ക ദിവസവും രാവിലെ പിടക്കോഴികളെ ഒന്നൊന്നായി എടുത്ത് ഇടതു കയ്യില്‍ ചേര്‍ത്തു പിടിച്ച് വലതുകൈകൊണ്ട് അവയുടെ അടിവയറ്റില്‍ പരിശോധിക്കുന്നതു കാണാം. അമ്മയുടെ വളര്‍ത്തു പിടക്കോഴികള്‍ തട്ടിന്‍ മുകളില്‍ കയറി മുട്ടയിട്ട് ഭയങ്കര കൂവലോടെ അടുക്കള വഴി പറമ്പിലേക്ക് പറന്നുപോകും.
പലപ്പോഴും പിടക്കോഴികൂവി പുറത്തെത്തുന്ന നിമിഷം പലവ്യഞ്ജനം പൊതിഞ്ഞ കടലാസ്സുമായി ഞാന്‍ പതുക്കെ മരഗോവണി കയറി തട്ടിന്‍ പുറത്തെത്തും. കോഴിമുട്ടയെടുത്ത് പൊട്ടിച്ചു കുടിച്ച് മുട്ടത്തോട് കടലാസില്‍ പൊതിഞ്ഞ് താഴേക്കിറങ്ങി വരും. അമ്മയോട് കാര്യം ആരും കേള്‍ക്കാതെ പറയും . കാരണം., മുട്ട നഷ്ടപ്പെട്ട വിവരം മറ്റുള്ളവര്‍ അറിഞ്ഞാല്‍ അവരുടെ തല്ല് ഞാന്‍ ഏറ്റുവാങ്ങേണ്ടി വരും. വീട്ടില്‍ ആര്‍ക്കെങ്കിലും ഒടിവോ ചതവോ വന്നാല്‍ വൈദ്യര്‍ വന്ന് മുട്ടയുടെ മഞ്ഞയും മരുന്നും മിശ്രിതമാക്കി മുറിവില്‍ വെച്ചുകെട്ടാറുണ്ട്. ഭരണിയില്‍ സൂക്ഷിക്കുന്ന മുട്ടകള്‍ നിത്യചിലവിന്റെ ഒരു ഭാഗമായതിനാല്‍ അവയോരോന്നും വളരെ വിലപ്പെട്ടവ തന്നെ.
തുടരും.......

No comments:

Post a Comment