Wednesday, November 23, 2011

ഓർമനിലാവിൽ മഴപാറ്റകൾ

കോഴിക്കോട്‌ ആഴ്‌ചവട്ടം വിദ്യാലയത്തിൽ അഞ്ചാം ക്ലാസിലോ ആറിലോ പഠിക്കുമ്പോൾ ഒരു ദിനം വൈകുന്നേരം ഞാൻ പുസ്‌തകസഞ്ചി തൂക്കി ക്ഷീണിതയായി ചെമ്പരത്തി ചെടികളും കൃഷ്‌ണകിരീടവും അതിരിട്ട വീട്ടുപടിക്കലെത്തി. പള്ളിക്കൂടത്തിന്‌ വടക്ക്‌ വശം വീതികുറഞ്ഞ വഴിയ്‌ക്ക്‌ നേരെ നടന്നെത്തുന്നത്‌ ശ്‌മശാനത്തിന്‌ മുൻപിലേക്കാണ്‌. ചുടുകാടിന്‌ എതിർവശം മരപ്പാലം കടന്ന്‌, തോട്ടിൻകര സ്വല്‌പദൂരം പിന്നിട്ട്‌ ഒതുക്കുകല്ലുകൾ ചവുട്ടികയറി, ചെറിയൊരുകയറ്റം കഴിഞ്ഞാൽ ശ്രീവളയനാട്‌ ദേവീക്ഷേത്രത്തിന്‌ മുൻപിലുള്ള നെടുങ്കൻ ആൽമരചുവട്ടിലെത്താം. (ഇന്ന്‌, മാങ്കാവ്‌ ബൈപ്പാസ്‌ റോഡ്‌ വന്നതോടെ ദഹനസ്‌ഥലത്തേക്ക്‌ പോകാതെ തന്നെ അമ്പലത്തിന്‌ മുൻപിലെത്താം.)

ആ പേരാൽ വൃക്ഷത്തിന്‌ കിഴക്കുഭാഗത്ത്‌ ചെറിയൊരു ഇറക്കത്തിനൊടുവിൽ ക്ഷേത്രക്കുളം. വടക്കുഭാഗത്ത്‌ ജന്മഗൃഹം. ഇത്രയും ദൂരം താണ്ടി ഭക്ഷണം കഴിച്ച്‌ തിരിച്ച്‌ അധ്യയനത്തിനെത്തുമ്പോഴേക്കും വീണ്ടും വിശക്കും. അക്കാലത്ത്‌ അമേരിക്കൻ ഡാൽഡയിൽ പാകപ്പെടുത്തിയ ഉപ്പുമാവും, ടിൻപാൽപ്പൊടിപാലും അധികൃതർ ഇടനേരങ്ങളിൽ കുട്ടികൾക്ക്‌ നൽകി ആരോഗ്യസംരക്ഷണം ഉറപ്പാക്കിയിരുന്നു. അമേരിക്കൻ പ്രസിഡന്റ്‌ ജോൺ എഫ്‌ കെന്നഡിക്ക്‌ ഇന്ത്യയോടുള്ള അത്യഗാധസ്‌നേഹത്തിന്റെ പ്രതിഫലനമാണ്‌ ഭക്ഷ്യപദാർത്ഥവിതരണമെന്ന്‌ രണ്ടാം ക്ലാസ്‌ അധ്യാപികയായ അമ്മ ഇടയ്‌ക്കിടെ ഓർമ്മിച്ചിരുന്നു. മറ്റ്‌ സഹപാഠികൾക്കൊപ്പം വരി നിന്ന്‌ ഞാനും വളരെ രുചിയോടെ അതെല്ലാം ആഹരിച്ചിരുന്നു.

മുറ്റത്തിന്റെ അതിർത്തി കണക്കാക്കുന്ന നീളത്തിൽ നിരത്തിയിട്ട വെട്ടുകല്ലുകളിൽ ഇരുന്ന്‌ പുറത്തെ മണ്ണിലേക്ക്‌ ചെറിയമ്മയുടെ മകൾ പ്രേമം (കമലാക്ഷിയെന്ന്‌ യഥാർത്ഥ നാമം) ഛർദ്ദിക്കുകയാണ്‌. അമ്മാളുക്കുട്ടി ചെറിയമ്മ അവളുടെ പുറംതടവുന്നു. കുടൽ കലക്കി മറിച്ചെടുക്കുന്ന അത്തരം ഓക്കാനം ജീവിതത്തിലിന്നുവരെ ഞാൻ കണ്ടിട്ടില്ല. പിറകിലേക്ക്‌ കുഴഞ്ഞുവീഴുന്ന അവളെ ചെറിയമ്മയും അമ്മയും താങ്ങിയെടുത്ത്‌ ഉമ്മറത്തെ പായയിൽ കൊണ്ടുചെന്നു കിടത്തി. അവളുടെ ദൃഷ്‌ടിമുകളിലേക്ക്‌! വായയിൽ നിന്ന്‌ നുരയും പതയും ഒപ്പം ചില അപശബ്‌ദങ്ങളും അവളിൽ നിന്നു പൊഴിയുന്നു. അവൾ കഴിച്ച കായയുടെ ആകൃതിയും പ്രകൃതിയും ചുറ്റുമുള്ളവർ ഗണിച്ചെടുത്തു. ഒതളങ്ങയെന്ന പേര്‌ കേട്ടതും, കൂട്ടനിലവിളി ഉയർന്നു.

“അയ്യോ.... ന്റെ മോള്‌...” ബോധമറ്റ്‌ കിടക്കുന്ന മകളെ കെട്ടിപ്പിടിച്ച്‌ ചെറിയമ്മ ഉറക്കെകരഞ്ഞു. ഒതളങ്ങയ്‌ക്കകത്തുള്ള പരിപ്പ്‌ കഴിച്ചാൽ ഉടനടി മരണം സംഭവിക്കുമത്രെ. അകത്തെ ഉഗ്രവിഷം വമഥുവായി പുറത്തുവന്ന സ്‌ഥിതിക്ക്‌ ഗുരുതരാവസ്‌ഥ മറികടന്നെന്ന്‌ ഇളയമ്മയെ ധരിപ്പിച്ചു. പക്ഷേ........ ആരുടെ ആശ്വാസവചനങ്ങളും ചിറ്റയിലേക്ക്‌ ഏശിയില്ല. “ന്റെ പൊന്നുമോളെ രക്ഷിയ്‌ക്കാനാരുമില്ലേ”യെന്ന്‌ അവർ വിലപിച്ചുകൊണ്ടിരുന്നു.

പെട്ടെന്ന്‌, അമ്മ എന്നെയും കൂട്ടി നടന്നവഴിയൊക്കെ വീണ്ടും പിന്നിട്ട്‌ ആഴ്‌ചവട്ടം പാഠശാലയുടെ രണ്ട്‌മൂന്ന്‌ വീടുകൾക്കപ്പുറം തറയ്‌ക്കൽ അമ്പലത്തിന്‌ സമീപം ജ്യേഷ്‌ഠൻ ഗോപിവൈദ്യരും, അനുജൻ സദാനന്ദൻ വൈദ്യരും കുടുംബസമേതം താമസിക്കുന്ന കൊട്ടാരസദൃശ്യമായ ബംഗ്ലാവിന്‌ മുറ്റത്തെത്തി. (മുകളിലും താഴെയും അനേകം മുറികൾ. വലിയ ഹാൾ ആയുർവേദ മരുന്ന്‌ തയ്യാറാക്കുന്ന പ്രത്യേക പണിപ്പുര. ഈ കൂറ്റൻ ഹർമ്മ്യവും തെങ്ങിൻ തോപ്പും വിശാലമായ പരിസരവും പില്‌ക്കാലത്ത്‌ ഗോഡ്‌ഫാദർ, ഏയ്‌ ഓട്ടോ തുടങ്ങിയ പല ചലച്ചിത്രങ്ങൾക്കും രംഗവേദിയായി).

മാങ്കാവ്‌, ആഴ്‌ചവട്ടം, കൊമ്മേരി പ്രദേശങ്ങളിലെ അസുഖബാധിതരായ പാവപ്പെട്ടവർക്കും, സാധാരണക്കാർക്കും അഭയവും ആശ്രയവുമായിരുന്നു ആ ആയുർവേദമഠം. ഗോപിവൈദ്യരുടെ ഭാര്യ ബേബി ഏട്‌ത്തിക്ക്‌ അമ്മടീച്ചറെ കാര്യമായിരുന്നു. ആ വലിയ വീട്ടിലെ ഭക്ഷണശാലയിൽ വെച്ച്‌ ചില വൈകുന്നേരങ്ങളിൽ ബേബി ഏട്‌ത്തി തരുന്ന അവിലും പഴവും പഞ്ചസാരയും കുഴച്ചെടുത്ത്‌ ചെറിയ പന്തുരൂപത്തിലുള്ള പലഹാരവും, ധാരാളം പാലൊഴിച്ച കാപ്പിയുടെയും രുചി ഇപ്പോഴും നാക്കിലുണ്ട്‌.

ഞങ്ങളെ കണ്ട ഉടൻ ഇരിപ്പുമുറിയിൽ നിന്ന്‌ ഗോപിവൈദ്യർ സിമന്റു പടവുകൾ ചവിട്ടി താഴെ ഇറങ്ങിവന്നു. മുണ്ടും ബനിയനുമാണ്‌ വേഷം. ഇരുണ്ട നെറ്റിയിൽ ഭസ്‌മക്കുറിയുണ്ട്‌. സാമാന്യം തടിച്ചു കുറുകിയ ദേഹപ്രകൃതി. അമ്മ കാര്യങ്ങൾ വിശദീകരിച്ചു. അദ്ദേഹം നൽകിയ ഔഷധപൊതിയുമായി ഞങ്ങൾ വീട്ടിലേക്ക്‌ കുതിച്ചു. വൈദ്യർ തന്ന ഭസ്‌മം വെള്ളത്തിൽ കലക്കി അവളെ കുടിപ്പിച്ചു. പ്രേമം കണ്ണ്‌ തുറന്നു.

അക്കാലത്ത്‌ മുക്കാൽ, ഒരണ, രണ്ടണ തുടങ്ങിയ നാണയങ്ങളാണ്‌ സർക്കാർ ഉത്‌പ്പാദിപ്പിച്ചത്‌. പിന്നീട്‌, പത്ത്‌പൈസ, ഇരുപത്തഞ്ച്‌, അമ്പത്‌പൈസയിലേക്ക്‌ പരിവർത്തനപ്പെട്ടു. പത്തു ഉറുപ്പികയ്‌ക്ക്‌ ഒരു ചാക്കരി അമ്മ വാങ്ങാറുണ്ട്‌. പക്ഷേ.... തൊഴിൽ രഹിതരായ സഹോദരീസഹോദരങ്ങൾക്കിടയിൽ അപ്രീതിയും വിഘടനവാദവും ഏറിവന്നു. അമ്പലത്തിൽ നിന്ന്‌ അപ്പച്ചൻ (അമ്മയുടെ രണ്ടാമത്തെ ജ്യേഷ്‌ഠത്തിയുടെ ഭർത്താവ്‌. അപ്പുവെന്ന്‌ യഥാർത്ഥപേര്‌.) കൊണ്ടുവരുന്ന നിവേദ്യചോറും തുച്ഛവേതനവും കൂട്ടിയിണക്കിയാലും ജീവിത പ്രാരാബ്‌ധത്തിൽ മുങ്ങുന്ന നാരായണി വല്യമ്മയും നാല്‌മക്കളും. നാരായണി അപ്പച്ചിയ്‌ക്ക്‌ വിദ്യാഭ്യാസം കുറവ്‌. രണ്ടോ മൂന്നോ ക്ലാസ്‌ വരെ പഠിച്ചു. സ്‌ഥിരം ആസ്‌തമരോഗിണി. മെലിഞ്ഞ്‌ ഉണക്കകമ്പുപോലിരിക്കും. തുറിച്ച കണ്ണുകൾ. ഒറ്റനോട്ടത്തിൽ ആർക്കും പേടിതോന്നും. അമ്മ അന്നത്തെ എട്ടാംക്ലാസ്‌ പാസായതുകൊണ്ട്‌ വാധ്യാര്‌ പണി ലഭിച്ചു. അമ്മൂമ്മ തറവാട്ടിലെ സകലകാര്യങ്ങളുടെയും ചുമതല അമ്മയെയാണ്‌ ഏല്‌പിച്ചിരുന്നത്‌. നാളികേരം വിറ്റുകിട്ടുന്ന പ്രധാന വരുമാനമാണ്‌ ഉപജീവനമാർഗം.

ഒരു ദിവസം നാരായണിവല്യമ്മ അടുക്കളയ്‌ക്ക്‌ തൊട്ടടുത്ത മുറിയിൽ സൂക്ഷിച്ച വലിയ ഭരണികളും ഉരുളികളും വിശേഷാവസരങ്ങളിൽ ഉപയോഗിക്കുന്ന പാത്രങ്ങളുമെല്ലാം എടുത്തുമാറ്റി. അവിടെ വൃത്തിയാക്കി “മേലിൽ ഞങ്ങൾ ഇവിടെ പാചകം നടത്തുമെന്ന്‌” പ്രഖ്യാപിച്ചു.

മുത്തശ്ശി മകളെ ഉപദേശിച്ചു. മകൾ, അമ്മയെ വാക്‌യുദ്ധത്തിൽ തോല്‌പിച്ചു.

അങ്ങനെ അമ്മൂമ്മയുമായി പിണങ്ങി കിഴക്കേമഠത്തിന്റെ കിണറ്റിൻകരയിൽ ഒരു കൊച്ചു വീട്‌ പണിത്‌ സ്‌ഥിരവാസമുറപ്പിച്ച ശ്രീദേവിചെറിയമ്മയും, ഇടയ്‌ക്കിടെ ഭ്രാന്തിളകുന്ന മകൻ വാസുമ്മാവനും, നാരായണിവല്യമ്മയും മുറ്റത്ത്‌ വില്‌ക്കാനിട്ട തേങ്ങകളിൽ നിന്ന്‌ ഇഷ്‌ടമുള്ളത്ര എടുത്തുതുടങ്ങി.

ഒരു കൂട്ടുകുടുംബത്തിലെ ഉൾപിരിവുകളും ഉരുൾപൊട്ടലുകളും, അന്തഃഛിദ്രങ്ങളും, ഉറഞ്ഞുതുള്ളുന്ന കോമരങ്ങളായി വാളെടുത്ത്‌ പരസ്‌പരം ചീറിയടുക്കുന്ന കഥാപാത്രങ്ങളെയുമെല്ലാം നേർക്കുനേർ കാണാൻ വിധിക്കപ്പെട്ട്‌ സാക്ഷിക്കൂട്ടിൽ നില്‌ക്കുന്നവരായി ഞങ്ങൾ കുട്ടികൾ മാറുകയാണ്‌. ഞങ്ങളുടെ കുഞ്ഞുമനസ്സുകളിൽ പടരുന്ന വേദനയും, അമർഷവും, പ്രതികാരവും വായനക്കാർക്ക്‌ ഊഹിക്കാവുന്നതേയുള്ളു..........

പ്രശസ്‌ത എഴുത്തുകാരി മാധവിക്കുട്ടിയെന്ന കമലാദാസിന്റെ കൊച്ചി ജീവിതകാല ഓർമകൾ ആവിഷ്‌കരിച്ച്‌ എം.കെ. ചന്ദ്രശേഖരൻ രചിച്ച നോവലാണ്‌ “നഖക്ഷതമേറ്റ ഓർമ്മകൾ” 2010 ഒക്‌ടോബർ 11ന്‌ ഈ പംക്‌തി വായിച്ച അനുവാചകരിൽ ചിലർ നോവൽ നാമമെന്തെന്ന്‌ അന്വേഷിച്ചിരുന്നു.

കുഞ്ഞുനാളിൽ കണ്ടനുഭവിച്ച, ഓർക്കുമ്പോൾ ഞെട്ടലും ഭീതിയുമുണർത്തുന്ന ചില കാഴ്‌ച

No comments:

Post a Comment